യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തം

Webdunia
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (18:22 IST)
പ്ലസ്‌ ടു വിഷയത്തില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ്‌ മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗവും ലാത്തി ചാര്‍ജും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുറബ്ബും രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌.

ജലപീരങ്കി പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകന്‌ പരുക്കേറ്റിട്ടുണ്ട്‌. മുദ്രാവാക്യം വിളികളുമായി യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ സുധീറിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച തടഞ്ഞ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ അല്‍പസമയത്തേയ്‌ക്ക് പിന്മാറിയിരുന്നു.

വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ്‌ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ചിതറിപ്പോയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പിന്തിരിക്കുകയായിരുന്നു.