സംഭവമറിഞ്ഞ് വൻജനാവലി പൊലീസ് സ്‌റ്റേഷനിൽ തടിച്ചുകൂടുകയും സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ഉസ്‌മാനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കസ്‌റ്റഡിൽയിൽ മൂന്ന് മണിക്കൂർ പിന്നിട്ട ഉസ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ പൊലീസ് നടത്തിയ നീക്കവും സംഘർഷാവസ്ഥ സൃഷ്‌ടിച്ചു.
തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. വൈകുന്നേരം അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്‌ക്ക് സമീപത്ത് നിന്നാണ് സ്വകാര്യ കാറിൽ മഫ്‌തിയിലെത്തിയ പൊലീസ് സംഘം ഉസ്‌മാനെ പിടികൂടിയത്. "നോമ്പുതുറയ്‌ക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഉസ്‌മാൻ. അപ്പോഴാണ് അമിതവേഗത്തിലെത്തിയ കാർ ഉസ്‌മാനെ ഇടിച്ചിടുകയായിരുന്നു. ശേഷം കാറിലുള്ളവരോട് ഉസ്‌മാൻ ചൂടാകുകയും കാറിലുള്ളവർ പുറത്തിറങ്ങി ഉസ്‌മാനെ തല്ലിച്ചതയ്‌ക്കുകയും കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയുമായിരുന്നെന്ന്" നാട്ടുകാർ പറയുന്നു.