യമനിലെ സ്ഥിതി രൂക്ഷം; മടങ്ങാന്‍ കൂട്ടാക്കാത്തവര്‍ ഇനിയുമുണ്ട്- കെസി ജോസഫ്
വെള്ളി, 10 ഏപ്രില്‍ 2015 (15:52 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനിലെ കാര്യങ്ങള്‍ ഗൗരവതരമെന്ന് പ്രവാസി- നോര്‍ക്ക മന്ത്രി കെസി ജോസഫ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാത്തവരാണ് ഇപ്പോള്‍ യമനില്‍ തുടരുന്നത്. ഇവര്‍ എത്രയും വേഗം എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ ഇന്നത്തേക്കുകൂടി നീട്ടി. നേരത്തെ ബുധനാഴ്ച കൊണ്ട് നിര്‍ത്താനായിരുന്നു ഇന്ത്യയുടെ നീക്കാം. എന്നാല്‍ യെമനില്‍ കുടുങ്ങി കിടക്കുന്ന 140 ഓളം നേഴ്സുമാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് രക്ഷാപ്രവര്‍ത്തനം ഇന്നേയ്ക്ക് കൂടി നീട്ടിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യമനില്‍ ഇറങ്ങാന്‍ വ്യോമാനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ രക്ഷപ്പെടുത്തുമെന്നാണ് വിദേശകാര്യ സഹ മന്ത്രി വി കെ സിംഗ് അറിയിച്ചിരിക്കുന്നത്. അതേസമയം യെമനിലെ ഇന്ത്യന്‍ നഴ്സുമാരുടെ പാസ്പോര്‍ട്ടും മറ്റ് യാത്രാ രേഖകളും ഇവര്‍ ജോലിചെയ്യുന്ന ആശുപത്രിയിലെ അധികൃതര്‍ പിടിച്ചുവയ്ക്കുന്നതായാണ് വിവരം. അതിനാല്‍ ഇവര്‍ക്ക് തിരികെ വരുന്നതില്‍ തടസം നേരിടുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ നഴ്സുമാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നത് യമനിലെ ആശുപത്രികളുടെ താളം തെറ്റിച്ചിട്ടുണ്ട്.
ഇതുവരെ 4100 പേരെ നാവിക-വ്യോമ സേനകള്‍ യമനില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. യമനിലെ മഖാലത് തുറമുഖത്തു നിന്നും പാക്കിസ്ഥാന്‍ രക്ഷപ്പെടുത്തിയ 11 ഭാരതീയരെ ബുധനാഴ്ച കറാച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഇവരില്‍ അഞ്ചുപേര്‍ മലയാളികളാണ്. അതേസമയ നിരവധി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വിമതര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് പല ഇന്ത്യക്കാരും. കൂടാതെ വിമതര്‍ തട്ടിക്കൊണ്ട് പോയ മലയാളിയേപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടുമില്ല.