വ്യാജ പീഡനക്കേസ്: വനിതാ സി.ഐ ക്കെതിരെ നടപടി

Webdunia
വ്യാഴം, 14 മെയ് 2015 (18:07 IST)
ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിച്ചു എന്നാരോപിച്ച് പിതാവിനെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് വനിതാ സി.ഐ, എസ്.ഐ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. കൊല്ലം സിറ്റി വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ സിസിലി കുമാരി, പരവൂര്‍ എസ്.ഐ എന്നിവര്‍ക്കെതിരെയാണു നടപടി എടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍.നടരാജന്‍ സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

50 ശതമാനം ബുദ്ധിമാന്ദ്യമുള്ള പരവൂര്‍ സ്വദേശിയായ പതിനാറുകാരിയുടെ മാതാവാണു പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ പിതാവ് മകളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കി എന്ന് പരാതി നല്‍കുമെന്ന് ഒരാള്‍ ഭീഷണിപ്പെടിയതായും ഭാര്യയുടെ പരാതിയിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ 2014 ജൂലൈ 30 ന്‌ പരവൂര്‍ പൊലീസ് വീട്ടിലെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എങ്കിലും ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തശേഷം മകളെ വൈദ്യ പരിശൊധനയ്ക്ക് വിധേയമാക്കി. പീഡനം നടന്നിട്ടില്ലെന്നും മനസിലായി. തുടര്‍ന്ന് ഭര്‍ത്താവിനെ മജിസ്റ്റ്രേറ്റിന്‍റെ മുമ്പില്‍ ഹാജരാക്കി വിട്ടയച്ചു. ഇതിനെതിരെ ഭാര്യ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയെ തുടര്‍ന്നാണു സി.ഐ ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശമുണ്ടായത്.