തൃശൂര്‍ പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

രേണുക വേണു
വ്യാഴം, 5 ഡിസം‌ബര്‍ 2024 (15:10 IST)
Elephant - Thrissur

തൃശൂര്‍ പാലപ്പിള്ളി എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആന വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണു കിടക്കുന്നതായി നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. കുട്ടിയാനയെ രക്ഷപ്പെടുത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നാല് മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 
 
സെപ്റ്റിക് ടാങ്കിലേക്ക് തലകീഴായാണ് കുട്ടിയാന വീണത്. വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ജെസിബി ഉപയോഗിച്ച് കല്ലും മണ്ണുമൊക്കെ മാറ്റി മാലിന്യക്കുഴി വലുതാക്കിയിരുന്നു. എന്നാല്‍ പതിനൊന്നരയോടെ ആനയുടെ അനക്കം നിലച്ചു. തുടര്‍ന്ന് പരിശോധന നടത്തിയ വനംവകുപ്പ് ഡോക്ടര്‍മാരുടെ സംഘം ആന ചരിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു.
 
ഇടുങ്ങിയ കുഴിയും മാലിന്യത്തില്‍ നിന്നുള്ള വിഷ വാതകം ശ്വസിക്കേണ്ടി വന്നതും മലിന ജലം ശരീരത്തിനുള്ളിലേക്ക് പോയതും ആന്തരിക അവയവങ്ങളില്‍ ഏറ്റ ക്ഷതവുമാണ് ആനയുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിന് പ്രതികൂല ഘടങ്ങളായത്. ദിവസവും കാട്ടാന ശല്യമുള്ള പ്രദേശമാണിത്. രാത്രിയില്‍ ഈ ഭാഗത്തെത്തിയ കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പന്‍ ആളൊഴിഞ്ഞ് കിടന്ന വീടിന് തൊട്ടടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article