മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്‍റെ 'കാലാതീതം' എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങില്‍ വിവര്‍ത്തകയെ വിലക്കിയ നടപടി വിവാദമാകുന്നു. കറണ്ട് ബുക്ക് പ്രസിദ്ധീകരിച്ച എപിജെ അബ്ദുള്‍ കലാമിന്റെ അവസാന പുസ്തകമായ കാലാതീതം വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയോട് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രസാധകര്‍ ആവശ്യപ്പെട്ടതാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ട്രാന്‍സെന്‍ഡന്‍സ് മൈ സ്പിരിച്ച്വല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രമുഖ് സ്വാമിജി എന്ന പുസ്തകം ആത്മീയ ഗുരു പ്രമുഖ് സ്വാമിജിയോടൊത്തുളള കലാമിന്‍റെ അനുഭവങ്ങളെപ്പറ്റിയുള്ളതാണ്. ശ്രീദേവി എസ് കര്‍ത്തയാണ് ഈ പുസ്തകം 'കാലാതീതം' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
കലാമിന്റെ ആത്മീയഗുരുവിന്റെ പ്രതിനിധിയായ ബ്രഹ്മവിഹാരി ദാസ് എത്തുന്നതിനാലാണ് എഴുത്തുകാരിയെ ഒഴിവാക്കിയതെന്നാണ് ആരോപണം. ആശ്രമപ്രതിനിധി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ടെന്നും ഇതാണ് ശ്രീദേവി എസ് കര്‍ത്തയെ ക്ഷണിക്കാതിരിക്കാന്‍ കാരണമെന്നാണ് ആരോപണം. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.