ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ കേരളത്തിലെത്തിയിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കും. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് റാണയുടെ ദക്ഷിണേന്ത്യൻ ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയത് സംബന്ധിച്ചും അന്വേഷണ ഏജൻസി വിശദമായ അന്വേഷണം നടത്തുന്നത്.
നിലവിൽ എൻഐഎ ഉദ്യോഗസ്ഥർക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്. 2008-ലെ ബെംഗളൂരു സ്‌ഫോടനത്തിലും കേരളത്തിൽനിന്ന് ഭീകരരെ റിക്രൂട്ട് ചെയ്ത കേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജൻസികളുടെ തീരുമാനം. 2008 നവംബർ 16-നാണ് തഹാവൂർ റാണ കേരളത്തിലെത്തിയത്. ഭാര്യയ്‌ക്കൊപ്പം കൊച്ചി സന്ദർശിച്ച ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലിൽ ആയിരുന്നു താമസം. കൊച്ചിയിൽ താമസിച്ചവേളയിൽ 13 ഫോൺനമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല.