വിവാഹത്തിനു മുമ്പേ മധുവിധു; പൊലീസ് പിടിച്ച് കെട്ടിച്ചു

Webdunia
ചൊവ്വ, 5 ഓഗസ്റ്റ് 2014 (18:14 IST)
വിവാഹത്തിനു മുന്‍പ് മധുവിധു ആഘോഷിക്കുവാന്‍ ലോഡ്ജില്‍ മുറിയെടുത്ത കമിതാക്കള്‍ പോലിസ് പിടിയിലായി. ചോദ്യം ചെയ്യലില്‍ സത്യം പുറത്തായതോടെ പൊലീസിന്റെ കാര്‍മ്മികത്വത്തില്‍ ഇന്ന് ഇരുവരെയും രജിസ്റ്റര്‍ വിവാഹം നടത്തി. കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം.

കൊട്ടാരക്കരയിലെ ഒരു ലോഡ്ജിലാണ്‌ സംഭവങ്ങള്‍ അരങ്ങേറിയത്. പന്തളം സ്വദേശിയായ 26കാരനും 21 കാരിയായ യുവതിയെയുമാണ് ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര ചന്തമുക്കിന് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്തത്. ഇവര്‍ ലോഡ്ജിലേക്ക് കയറുന്നതു കണ്ട ചില സദാചാര വാദികള്‍ സംഭവം ചൂടോടെ പൊലീസിന്റെ കാതിലെത്തിച്ചു.

കേട്ടപാതി കേള്‍ക്കാത്ത പാതി പൊലീസ് സര്‍വ്വ സന്നാഹങ്ങളുമായി ലോഡ്ജിലെത്തി കമിതാക്കളെ കസ്റ്റ്ഡിയിലെടുത്തു. കൂടാതെ ലോഡ്ജ് ഉടമയെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ തങ്ങളുടെ വിവാഹം ഉറപ്പിച്ച കാര്യം ഇരുവരും പറഞ്ഞതോടെ കമിതാക്കളുടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും ചൊവ്വാഴ്ച കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇരുവരുടെയും വിവാഹം നടത്താമെന്ന ധാരണയില്‍ വിട്ടയക്കുകയുമായിരുന്നു.

ഇറാഖില്‍ ജോലി ചെയ്യുന്ന യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. ഇയാള്‍ അടുത്ത അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ വിവാഹം നടത്തുവാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നതാണ്. അതിനാല്‍ ബന്ധുക്കളുടെ അനുമതിയൊടെയാണ് ഇരുവരും കറങ്ങനായി ലോഡ്ജില്‍ മുറിയെടുത്തത്.

എന്നാല്‍ സംഭവം കൈവിട്ടു പോവുകയായിരുന്നു. പൊലീസ് അറിയിച്ചതിനേ തുടര്‍ന്ന് സന്ധ്യയോടെ ഇരുവരുടെയും മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തി. പിന്നീട് ബന്ധുക്കളും പൊലീസും ചേര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇന്ന് കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനമെടുത്തത്. ധാരണയുടെ അടിസ്ഥാനത്തില്‍ യുവതിയെ ഇന്നലെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.