പറഞ്ഞ സമയത്ത് വിവാഹ ആല്‍ബം നല്‍കിയില്ല; പിഴയടക്കം 1.60 ലക്ഷം രൂപ നല്‍കണമെന്ന് ഉത്തരവ്

രേണുക വേണു
വെള്ളി, 23 ഫെബ്രുവരി 2024 (09:38 IST)
പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിനു 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അരൂര്‍ സ്വദേശികളായ ബി.രതീഷ്, സഹോദരന്‍ ബി.ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. 
 
രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 40,000 രൂപ കൈമാറുകയും ചെയ്തു. എന്നാല്‍ പണം നല്‍കിയിട്ടും പറഞ്ഞ സമയത്ത് ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സ്ഥാപനം വ്യക്തമാക്കി. 
 
ആല്‍ബം ലഭിക്കാത്തതിനാല്‍ പരാതിക്കാര്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടായെന്ന് കമ്മീഷന്‍ വിലയിരുത്തി. അകാലത്തില്‍ വേര്‍പിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമിപ്യം കൂടി ഉള്‍കൊണ്ട ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാര്‍ ആല്‍ബത്തിനായി നല്‍കിയ 40,000 രൂപ എതിര്‍കക്ഷി തിരിച്ചുനല്‍കണമെന്നും മാനസിക ക്ലേശത്തിനും കോടതി ചെലവിനുമായി 1,20,000 രൂപയും നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article