''ഇന്ത്യയിൽ രാജഭരണം, രാജാവ് മോദി'' - മാമുക്കോയ

Webdunia
ശനി, 31 ഡിസം‌ബര്‍ 2016 (09:18 IST)
നോട്ട് നിരോധനത്തിൽ ബി ജെ പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമർശിച്ച എം ടി വാസുദേവൻ നായരെ അധിക്ഷേപിച്ച ബി ജെ പി - ആർ എസ് എസ് നടപടിയ്ക്കെതിരെ സിനിമ- സാഹിത്യ ലോകത്ത് നിന്നും കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്, എം ടിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എം ടിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തിയിരുന്നു.
 
എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത് രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നമാണ്. അല്ലാതെ ബി ജെ പിയുടെയും ആര്‍എസ്എസിന്റെയും മാത്രം കാര്യമല്ലെന്ന് നടന്‍ മാമുക്കോയ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വിഷയങ്ങൾ പറയേണ്ടത് എം ടി തന്നെയാണ്. എം ടി മിണ്ടെരുതെന്ന് പറയുന്നത് അഹങ്കാരമാണ്. ഭൂരിപക്ഷത്തിന്റെ പേരിൽ ജയിച്ചവരാണ് ബി ജെ പി, എന്തും ചെയ്യാമെന്ന ഭാവമാണ് ബി ജെ പിക്കുള്ളത്. 
 
രാജഭരണമാണ് ഇങ്ങനെ നടക്കുന്നത്. ഇപ്പോൾ മോദി രാജാവാണ് ഇന്ത്യ ഭരിക്കുന്നത്. എംടിക്ക് തന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം ടിയുടെ വാക്കുകള്‍ക്ക് നേരിന്റെ ചുവയാണുളളത്. അത് നുണകളാല്‍ കെട്ടി ഉയര്‍ത്തപ്പെട്ട ഇന്ത്യന്‍ ഭരണകൂടത്തിന് രുചിക്കില്ല എന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ഉണ്ണി ആര്‍ വ്യക്തമാക്കി.
 
എംടിക്കൊപ്പം നില്‍ക്കുക, നേരിനൊപ്പം നില്‍ക്കുകയെന്നും ഉണ്ണി ആര്‍ പറഞ്ഞു. അധികാര സ്ഥാനങ്ങളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ മൗനം പുലര്‍ത്തുന്ന എഴുത്തുകാരന്‍ മരിച്ചവനാണ്. ശബ്ദമുയര്‍ത്തേണ്ട ഘട്ടങ്ങളില്‍ വാക്കിനെ കടലാസില്‍ നിന്നും മോചിപ്പിച്ച് അന്തരീക്ഷത്തില്‍ ഒരു പതാക പോലെ ഉയര്‍ത്തേണ്ടുന്ന ബാധ്യത ഒരു എഴുത്തുകാരനുണ്ട്. എംടി അത് ചെയ്തിരിക്കുന്നു. അദ്ദേഹം അന്തസോടെ ജീവിച്ചിരിക്കുന്നുവെന്നും സാഹിത്യകാരമായ സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി
Next Article