വയനാട് ഡിസിസി പ്രസിഡന്റ് കെഎല്‍ പൌലോസിനെതിരേ പോസ്‌റ്ററുകള്‍. കല്‍പ്പറ്റയിലാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്റ് സ്ഥാനം കെഎല്‍ പൌലോസ് രാജിവയ്ക്കണമെന്നും പിവി ജോണിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നും പോസ്‌റ്ററില്‍ പറയുന്നു.
ഇനിയൊരു രക്തസാക്ഷിയെ നാടിനു വേണ്ട. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഡിസിസി പ്രസിഡന്റിനെ പുറത്താക്കണമെന്നും പോസ്‌റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ജില്ലയിലെ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സില്‍വി തോമസിനെതിരെയും പോസ്‌റ്ററില്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സേവ് കോൺഗ്രസ് എന്ന പേരിൽ കൽപ്പറ്റ നഗരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് പിവി ജോൺ ഡിസിസി ഓഫീസിനുള്ളിൽ ആത്മഹത്യ ചെയത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് നവംബര്‍ എട്ടിന് ജോണ്‍ എഴുതിയ കത്തിൽ കെഎൽ പൗലോസ്, സില്‍വി തോമസ് അടക്കമുള്ളവരാണ് പരാജയത്തിന് കാരണക്കാരെന്ന് പറഞ്ഞിരുന്നു.
ചൊവ്വാഴ്ച ജോണിന്‍റെ ബന്ധുക്കളെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ സന്ദർശിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെടണമെന്നും പാർട്ടി തലത്തിലും നിയമപരമായും നടപടി ഉണ്ടാവണമെന്നും വിഎസ് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന അഡ്വ പിഎം സുരേഷ് ബാബു അധ്യക്ഷനായ കെപിസിസി സമിതിയുടെ സന്ദർശനം ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.