സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെയും ഇത് സംബന്ധിച്ചിട്ടുളള സുപ്രീ കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും, നഗരസഭകളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഇതിന്റെ ഭാഗമായി തങ്ങളുടെ അധികാര പരിധിയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അഴുകുന്ന മാലിന്യങ്ങള്‍ സ്വന്തം നിലയില്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണം. അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് പുനചംക്രമണം ചെയ്യുന്നതിന് സംവിധാനം ഒരുക്കേണ്ടതാണ്.
അജൈവമാലിന്യം ശേഖരിച്ച് താത്കാലികമായി സംഭരിച്ച് തരംതിരിച്ച് പുനചംക്രമണത്തിനായി കൈമാറ്റം ചെയ്യുന്നതിനുളള പശ്ചാത്തലസൗകര്യം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപിക്കണം.പുനചംക്രമണ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുളള സ്ഥലം കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. മാലിന്യ സംസ്‌ക്കരണ പ്രക്രിയയ്ക്കുശേഷവും അവശേഷിക്കുന്നവ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനായി സാനിട്ടറി ലാന്‍ഡ് ഫില്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ജില്ലാ കളക്ടറും നഗരകാര്യ ഡയറക്ടറും സ്വീകരിക്കേണ്ടതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉത്തരവ് പാലിക്കുന്നുണ്ടോയെന്നത് പരിശോധിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.