മെഡിക്കല്‍ കോളേജ് കോഴ: വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ വിവി രാജേഷിനെതിരെ നടപടി - സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (20:26 IST)
ദേശീയതലത്തില്‍ ബിജെപിയെ നാണക്കേടിലേക്ക് തള്ളിവിട്ട മെഡിക്കൽ കോളജ് കോഴ വിഷയത്തില്‍ വിവി രാജേഷിനെ സംഘടനാ ചുമതലകളിൽനിന്നു മാറ്റി. പാർട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചോര്‍ത്തി നല്‍കിയത് രാജേഷാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കോഴിക്കോട് നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിനു വേണ്ടി വ്യാജ രസീത് തയാറാക്കിയ സംഭവത്തിൽ യുവമോർച്ച നേതാവിനെതിരെയും നടപടിയെടുത്തു. ഇതു സംബന്ധിച്ച വിവരം ചോർത്തിയതിനു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണയെയാണു ചുമതലകളിൽനിന്നു നീക്കി.

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം നടപടിയെടുത്തത്. അന്വേഷണ റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയായാണു പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി.

മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എസ് ആര്‍ കോളേജ് അധികൃതരില്‍നിന്ന് ബിജെപി നേതാക്കള്‍ പണം കൈപറ്റിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനാണ് രാജേഷിനെതിരെ നടപടി. 5.60 കോടി രൂപയാണ് കോളേജ് അധികൃതരില്‍നിന്ന് നേതാക്കള്‍ വാങ്ങിയതെന്നാണ് പരാതി.
Next Article