രണ്ടാമത്തെ വിക്കറ്റ് അമ്പയറുടേതാവാൻ ആഗ്രഹിക്കുന്നില്ലെന്ന് വി ടി ബൽറാം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്ത് നല്‍കിയതിന്റെ പശ്ചാത്തലത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിടി ബല്‍റാമിന്റെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനത്ത് നിന്നും മാറ്റണമെന്നതായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
രണ്ടാമത്തെ വിക്കറ്റ് അമ്പയറുടേതാവാൻ ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല. ആര് അമ്പയറായാലും കഴിഞ്ഞ അഞ്ചല്ല പത്ത് വർഷത്തെ മുഴുവൻ ബാറ്റിംഗും അന്വേഷിക്കട്ടെ എന്നാണ് നിലപാട്. ഇന്നത്തെ പ്രതിപക്ഷം അഞ്ച് മാസം മുൻപ് ഭരണപക്ഷമായിരുന്നപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെപ്പോലും പരസ്യ നിലപാട് സ്വീകരിച്ചയാളാണ് ഇപ്പോഴത്തെ വിജിലൻസ് ഡയറക്റ്റർ. അതായത് ഇന്നത്തെ പ്രതിപക്ഷത്തെ ഒട്ടും ഭയമില്ലാത്ത ആളാണദ്ദേഹം എന്നർത്ഥം.
ആ വ്യക്തി ഇപ്പോൾ സ്ഥാനമൊഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം പ്രതിപക്ഷത്തിനെതിരെ കേസെടുക്കുമ്പോൾ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന പിന്തുണ പൊടുന്നനെ പിൻവലിക്കപ്പെട്ടിരിക്കുന്നു എന്നാണ്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കേണ്ടത് സർക്കാരും ധാർമ്മികതയുടെ ആൾരൂപമായി സ്വയം ബ്രാൻഡ് ചെയ്യുന്ന മുഖ്യമന്ത്രിയും തന്നെയാണ്. ഇന്നലെയായിരുന്നു നിയമസഭയിലെ ജയരാജന്റെ രാജിപ്രസംഗവും ബന്ധുനിയമനങ്ങളെച്ചൊല്ലിയുള്ള അടിയന്തിര പ്രമേയാഭ്യർത്ഥനയും.
ഇന്ന് നിയമസഭയിൽ ഉയർത്തിയത് റബർ വിലയിടിവുമായി ബന്ധപ്പെട്ട വിഷയമാണ്. വിജിലൻസ് ഡയറക്റ്റർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും ക്ലിഫ് ഹൗസിനുചുറ്റും പറന്നുനടക്കുന്ന തത്തയാവാതെ തന്റെ ആർജ്ജവം പ്രകടിപ്പിക്കണമെന്നുമായിരുന്നു ഇന്നലത്തെ പ്രതിപക്ഷ ആവശ്യം. ബന്ധുനിയമനങ്ങളുടെ ഫയൽ മുഖ്യമന്ത്രിയും കണ്ടിട്ടുണ്ടെന്ന് രേഖകൾ സഹിതം പ്രതിപക്ഷം നിയമസഭയെ ബോധ്യപ്പെടുത്തി. സ്വാഭാവികമായും ജയരാജനെതിരായ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമെന്നും ഉറപ്പായി. ജയരാജൻ പാർട്ടി സെക്രട്ടേറിയറ്റിൽ കുറ്റം സമ്മതിച്ചെന്ന് പരസ്യമായി പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ സാക്ഷിയായി വിസ്തരിക്കേണ്ടിയും വരും.
ഇതിലൊന്നും കുലുങ്ങാതെ ഇന്നലെ വൈകീട്ടും ഇന്ന് പകൽ മുഴുവനും തന്റെ ദൗത്യത്തെക്കുറിച്ച് അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിപ്പിച്ച വിജിലൻസ് ഡയറക്റ്റർ ഇത്ര പൊടുന്നനെ രാജിവെക്കാൻ മാത്രമുള്ള അവസ്ഥയിലേക്ക് മാറ്റപ്പെട്ടതെങ്ങനെ? ഉച്ചിയിൽ വെച്ച കൈ കൊണ്ട് തന്നെ വിജിലൻസ് ഡയറക്റ്ററുടെ ഉദകക്രിയ നിർവ്വഹിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചോ എന്ന് മാത്രമാണ് അറിയേണ്ടത്.