എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജനങ്ങളെ തമ്മിലടിപ്പിക്കാനും അവരുടെ രക്‌തം നക്കിക്കുടിക്കാനും ചില രാഷ്‌ട്രീയ നേതാക്കളും ജാതിമത സ്‌ഥാനങ്ങളെ നയിക്കുന്നവരും ശ്രമിക്കുകയാണെന്ന് വി.എസ് പറഞ്ഞു. ആലപ്പുഴ മാമ്പുഴക്കരിയില്‍ ശ്രീനാരായണഗുരു ജയന്തി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു.
പരിപാടിയില്‍ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നില്ല. ശ്രീനാരായണഗുരുവിനെയും ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഗുരുവിനെ ഈഴവഗുരുവായി തരം താഴ്‌ത്താനും സ്വകാര്യ സ്വത്താക്കാനുമുള്ള ശ്രമം ഗൗരവമായി കാണണമെന്നും വി.എസ് പറഞ്ഞു.എന്നാല്‍ ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരു തന്നെയാണെന്നും അതില്‍ വി.എസിന് അങ്കലാപ്പു വേണ്ടെന്നും വെള്ളാപ്പള്ളി പിന്നീട് മറുപടി പറഞ്ഞു. വി.എസ് മക്കളുടെ ജാതി നോക്കിയാണ് വിവാഹം കഴിപ്പിച്ചുവിട്ടത്. ശിവഗിരി തീര്‍ത്ഥാടനത്തിന് പോകുന്നത് ക്രിസ്ത്യാനിയല്ല, ഈഴവനാണ്. ഗുരുവിനെ ബഹുമാനിക്കുന്നവരാണ്. ഈഴവന്റെ ഗുരുവാണ് ശ്രീനാരായണ ഗുരു- വെള്ളാപ്പള്ളി തുറന്നടിച്ചു.
അതേസമയം വെള്ളപ്പള്ളി സടേശന്‍ എത്തിയില്ലെങ്കില്‍ പരിപടി ഉദ്‌ഘാടനം ചെയ്യാന്‍ അച്യുതാനന്ദനെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി വിഭാഗം. വെള്ളാപ്പള്ളിയെ അവസാന നിമിഷമാണ് ചടങ്ങിന് ക്ഷണിച്ചതെന്ന് വെള്ളാപ്പാള്ളി വിഭാഗം അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി നിശ്‌ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനില്ലെന്ന് വെള്ളാപ്പള്ളി സംഘാടകരെ അറിയിച്ചിരുന്നു.