അരിയെത്ര പയർ അഞ്ഞാഴി..; വി എസിനെതിരെ മറുപടിയുമായി ഉമ്മൻചാണ്ടി

വ്യാഴം, 21 ഏപ്രില്‍ 2016 (15:47 IST)
തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കൾ തമ്മിലുള്ള മത്സരം കാണാൻ രസമുള്ള കാഴ്ചയായി മാറിയിരിക്കുകയാണ്. പോരാട്ടം ഇപ്പോൾ സോഷ്യ‌ൽ മീഡിയകൾ വഴിയാണ്. പ്രചരണത്തിനും അഭിപ്രായം പങ്കുവെക്കുവാനുമായി ഒരുക്കിയ ഫേസ്ബുക്ക് ആണ് നേതാക്ക‌ൾക്കിടയിലുള്ള ദൂതൻ.
 
സി പി എം നടത്തിയ കമ്പ്യൂട്ടർ വിരുദ്ധ സമരവുമായി താൻ ചോദിച്ച ചോദ്യങ്ങ‌ൾക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വ്യക്തമായി മറുപടി തന്നില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. തന്റെ ചോദ്യങ്ങ‌ളിൽ നിന്നും വ്യതിചലിച്ച് വി എസ് മറ്റെന്തൊക്കെയോ ആണ് മറുപടി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
 
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
 
 അരിയെത്ര... പയര്‍ അഞ്ഞാഴി...
 
ഫെയ്‌സ്ബുക്കില്‍ ഞാന്‍ ഇട്ട പോസ്റ്റിന് അങ്ങ് തന്ന മറുപടി ഞാന്‍ വായിച്ചു. അരിയെത്ര എന്നായിരുന്നു എന്റെ ചോദ്യം. പയര്‍ അഞ്ഞാഴിയെന്നായിരുന്നു അങ്ങയുടെ മറുപടി. 80 കളില്‍ നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ ആക്രമണ സമരങ്ങള്‍ മൂലം കേരളത്തിന് ഐ ടി മേഖലയില്‍ ഉണ്ടായ കനത്ത നഷ്ടം ഇനിയെങ്കിലും അങ്ങ് തിരിച്ചറിയുമോ എന്നതായിരുന്നു എന്റെ ചോദ്യം. ആ ചോദ്യം തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ളതായിരുന്നു അങ്ങയുടെ മറുപടി. ഈ പശ്ചാത്തലത്തില്‍ ഉത്തരം കിട്ടാതെപോയ എന്റെ ചോദ്യങ്ങള്‍ കൃത്യതയോടെ ആവര്‍ത്തിക്കുന്നു.
 
1. 80കളിലെ കമ്പ്യൂട്ടര്‍ വിരുദ്ധ സമരം കേരളത്തിന്റെ ഐ ടി മേഖലയില്‍ കനത്ത നഷ്ടമുണ്ടാക്കിയെന്ന് അങ്ങും അങ്ങയുടെ പാര്‍ട്ടിയും ഇനിയെങ്കിലും തിരിച്ചറിയുമോ?
 
2. കമ്പ്യൂട്ടര്‍ വിരുദ്ധ സമരം മൂലം ഇന്ത്യയുടെ ഐ ടി തലസ്ഥാനമാകാനുള്ള അവസരമല്ലേ കേരളത്തിന് നഷ്ടപ്പെട്ടത്?
 
3. 80കള്‍ മുതല്‍ ഐ ടി വികസനത്തിന് അടിത്തറയിട്ടിരുന്നുവെങ്കില്‍ കേരളത്തിന്റെ ഐ.ടി കയറ്റുമതി ഒന്നര ലക്ഷം കോടി രൂപയായെങ്കിലും വര്‍ധിക്കുമായിരുന്നില്ലേ, ചുരുങ്ങിയത് കാല്‍ക്കോടി യുവാക്കള്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമായിരുന്നില്ലേ?
 
ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി ഇനിയെങ്കിലും അങ്ങ് നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.
 
സ്‌നേഹപൂര്‍വം 
ഉമ്മന്‍ചാണ്ടി

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക