ചോരവീണ മണ്ണില്‍ ചുവടുറപ്പിക്കാന്‍ വിഎസ് കണ്ണൂരിലെത്തും

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (15:12 IST)
പാര്‍ട്ടിയുടെ കരുത്തായ കണ്ണൂരിലേക്ക് നീണ്ട ഇടവേളയ്ക്കു ശേഷം പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ എത്തുന്നു. പാര്‍ട്ടിയുടെ വിലക്കും വിഭാഗീയതയും തലയുയര്‍ത്തി നിന്ന സാഹചര്യത്തില്‍ തനിക്ക് വിലക്കപ്പെട്ട മണ്ണിലേക്കാണ് വിഎസ് തിരികെയെത്തുന്നത്. ആറളം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് പ്രതിപക്ഷ നേതാവ് കണ്ണൂരിന്റെ മണ്ണില്‍ എത്തിച്ചേരുന്നത്. ഈമാസം പതിനെട്ടിനാണ് ചടങ്ങ് നടക്കുന്നത്.

കതിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് വിഎസ് കണ്ണൂരിലെത്തുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. മനോജ് വധക്കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച അദ്ദേഹം ഇനി എന്ത് പറയുമെന്നാണ് ജില്ലാ നേതൃത്വം ഉറ്റു നോക്കുന്നത്. അതുപോലെ പി ജയരാജന്‍റെ മകന്‍ മനോജിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇട്ട നടപടി തെറ്റായിരുന്നുവെന്ന് ചൂണ്ടി കാണിച്ച സാഹചര്യത്തിലുമാണ് വിഎസ് കണ്ണൂരിലെത്തുന്നത്.

ഔദ്യോഗിക പക്ഷത്തിന്‍റെ കോട്ടയായ കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വിഎസ് അച്യുതാനന്ദന്‍ എത്തിയിരുന്നുല്ല. പാര്‍ട്ടി വിലക്ക് ലംഘിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍റെ വീട് സന്ദര്‍ശിച്ചതും. ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരന്‍റെ വീട് സന്ദര്‍ശിച്ചതുമാണ് ഔദ്യോഗിക പക്ഷത്തിന്‍റെ കണ്ണിലെ കരടായി വിഎസ് മാറാന്‍ കാരണമായി തീര്‍ന്നത്. തുടര്‍ന്ന് അദ്ദേഹത്തെ കണ്ണൂരില്‍ പാര്‍ട്ടി ചടങ്ങുകളില്‍ എത്തുന്നതിന് പാര്‍ട്ടി മനപ്പൂര്‍വ്വം വിലങ്ങു തടിയാകുകയായിരുന്നു. അടുത്തകാലത്ത് വിഎസ് വിവാദങ്ങളില്‍ നിന്ന് മാറി പാര്‍ട്ടിനിലപാടിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രതീതിയിലാണ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് വിഎസിനെ കൊണ്ടുവാര്‍ നേതൃത്വം അനുമതി നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.