വിശ്രമിക്കാന്‍ സൗകര്യമില്ല, മുതിര്‍ന്ന അംഗമെന്ന പരിഗണന ലഭിക്കുന്നില്ല; വിഎസിന്റെ പരാതികള്‍ തീരുന്നില്ല - സ്‌പീക്കര്‍ക്ക് കത്തു നല്‍കി

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (16:25 IST)
നിയമസഭയിലെ മുതിർന്ന അംഗമെന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് സ്പീക്കർ ശ്രീരാമകൃഷ്ണന് കത്തു നൽകി.

നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ല, ക്യാബിനറ്റ് പദവി ഉണ്ടായിട്ടും പ്രത്യേകം മുറിയോ പദവിയോ നല്‍കുന്നില്ല, മുതിര്‍ന്ന അംഗമായിട്ടും ആ പരിഗണന കിട്ടുന്നില്ല എന്നിങ്ങനെയുളള പരാതികള്‍ ഉന്നയിച്ചാണ് സ്പീക്കര്‍ക്ക് വിഎസ് കത്ത് കൈമാറിയത്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും കത്തില്‍ വിഎസ് വ്യക്തമാക്കുന്നു.

വിഎസിന്റെ ഓഫിസിനു മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പറഞ്ഞിരുന്നു. ഭരണപരിഷ്കാര കമ്മിഷൻ ഐഎംജിയിൽ പ്രവർത്തിക്കും. കമ്മിഷന്റെ പ്രവർത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് കെട്ടിടത്തിലാണ് വിഎസിന് ഓഫിസ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഓഫിസ് സെക്രട്ടേറിയറ്റിനുള്ളിൽതന്നെ വേണമെന്ന നിലപാടാണ് വിഎസിനുള്ളത്.

വെബ്ദുനിയ വായിക്കുക