സെക്രട്ടറിയേറ്റ് തീരുമാനം മാണിക്ക് വേണ്ടി; വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയയ്ക്കും

Webdunia
ബുധന്‍, 5 നവം‌ബര്‍ 2014 (17:26 IST)
ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ധനമന്ത്രി കെഎം മാണിക്ക് വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.

സെക്രട്ടറിയേറ്റിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വത്തിന് കത്തയ്ക്കുമെന്നും വിഎസ് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം തന്നെയാണ് വേണ്ടത് എന്നാണ് ഇപ്പോഴും തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ആവശ്യമെന്ന് പിണറായി വ്യക്തമാക്കിയതിനു പിന്നാലെയാണ് വിഷയത്തില്‍ കൂടുതല്‍ കടുത്ത തീരുമാനങ്ങളുമായി വിഎസ് മുന്നോട്ട് വരുന്നത്.

സിബിഐയ്ക്ക് വിശ്വാസ്യത പോര. കൂട്ടിലടയ്ക്കപ്പെട്ട തത്തയെന്ന് സിബിഐയെ സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ആവശ്യപ്പെടുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ തന്നെ പല നിലപാടുകള്‍ സ്വീകരിക്കുന്നതിനെതിരെ സിപിഐ അടക്കമുള്ളര്‍ രംഗത്തെത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.