നിരാഹാരം മൂന്നാം ദിവസത്തിലേക്ക്; എം എൽ എമാരെ കാണാൻ വി എസ് എത്തി, മുസ്ലിം ലീഗ് എം എൽ എമാർ നിരാഹാരം അവസാനിപ്പിച്ചു

വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (11:59 IST)
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് കുത്തനേ കൂട്ടിയതിൽ പ്രതിഷേധിച്ചുള്ള യു ഡി എഫ് എംഎൽഎമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. നിയമസഭ ഹാളിന്റെ പ്രവേശന കവാടത്തിൽ നിരാഹാരത്തിലിരിക്കുന്ന എം എൽ എമാരെ സന്ദർശിക്കാൻ വി എസ് അച്യുതാനന്ദൻ എത്തി. സമരത്തിലിരിക്കുന്ന എം എൽ എമാരുടെ ആരോഗ്യ വിവരം വി എസ് അന്വേഷിച്ചു. നിയമസഭയിലേക്ക് കടക്കുന്നതിനു മുൻപാണ് അദ്ദേഹം എം എൽ എമാരെ സന്ദർശിച്ചത്.
 
കോൺഗ്രസിൽ നിന്നും യുവ എം എൽ എമാർ ആയ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, എന്നിവരും കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. ഇവർക്കൊപ്പം അനുഭാവ സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം എൽ എമാർ സമരം അവസാനിപ്പിച്ചു. പകരം മറ്റ് രണ്ട് എം എൽ എമാർ സമരത്തിനിരിക്കും.
 
അതേസമയം, തലവരിപ്പണം വാങ്ങിയതിന് തെളിവുകൾ ഉണ്ടെങ്കിൽ വിഷയം വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പരാതികൾജയിംസ് കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക