കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ തൃശൂര്‍ ജില്ലയിലെ എ ഐ ഗ്രൂപ്പുകളുടെ സംയുക്ത രഹസ്യ യോഗം അങ്കമാലിയില്‍ ചേര്‍ന്നു. ചാവക്കാട് കൊലപാതകക്കേസ് അടക്കമുള്ള വിഷയങ്ങളില്‍ ഗ്രൂപ്പ് വത്കരിക്കാതെ മുന്നോട്ടു കൊണ്ട് പോകാനും, സുധീരനെ മറ്റ് വിഷയങ്ങളില്‍ നിന്ന് അകറ്റ് നിര്‍ത്തി മുന്നോട്ട് പോകാനുമാണ് യോഗത്തില്‍ ധാരണയായത്.
എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഡിസിസി അധ്യക്ഷനായ ഒ അബ്ദുറഹ്മാന്‍ കുട്ടിയും പിഎ മാധവന്‍ എംഎല്‍എയും ഐ ഗ്രൂപ്പില്‍ നിന്ന് വി ബല്‍റാം, ജോസഫ് ചാലിശേരി എന്നിവരും യോഗത്തിനെത്തി. അടുത്ത മാസം മൂന്നിന് ചേരുന്ന ഡിസിസി യോഗം സുഗമമായി നടത്താന്‍ കളമൊരുക്കാനും ഗ്രൂപ്പുകളുടെ സമാന്തര യോഗം തീരുമാനിച്ചു. സുധീരനോട് അടുപ്പം പുലര്‍ത്തുന്ന ടിഎന്‍ പ്രതാപന്‍ എംഎല്‍എ യോഗത്തിനെത്തിയില്ല.
കെപിസിസി പ്രസിഡന്റിന്റെ നടപടികള്‍ ഇരു ഗ്രൂപ്പുകളേയും ഒരുപോലെ ഉന്നമിടുന്ന സാഹചര്യം സംജാതമാകുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് അദ്ദേഹത്തെ കാഴ്‍ചക്കാരനാക്കി സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം സുധീരന്‍ ഇടപെട്ട് പരിഹരിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. എ- ഐ ഗ്രൂപ്പുകളെ കൂടാതെ സുധീരന്‍ ഗ്രൂപ്പ് കളിച്ച് സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ഗ്രൂപ്പുകള്‍ പറയുന്നുണ്ട്.
തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളിലെ സംഘടനാ തര്‍ക്കങ്ങളില്‍ ഇടപെട്ട് സുധീരന്‍ നായകനാകുന്നത് തടയാന്‍ തൃശൂരിലെ തര്‍ക്കം തീര്‍ക്കാന്‍ വിഡി സതീശനെയും ഇടുക്കിയിലെ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ബെന്നി ബഹനാനെയും ഗ്രൂപ്പുകളുടെ സംയുക്ത യോഗം ഏല്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ സമ്മേളനത്തില്‍ ഗ്രൂപ്പുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് പിന്തുണ നല്‍കിയതായിട്ടാണ് സൂചന.