കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നുമില്ല; പുന:സംഘടന നടത്തണം: സുധീരന്‍

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2015 (13:25 IST)
പാര്‍ട്ടി പുന:സംഘടന വേണമെന്ന നിലപാടില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. തദ്ദേശതെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ പൂര്‍ണ്ണമായും സജ്ജമാക്കുകയാണ് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം. നിലവിലെ പ്രശ്‌നങ്ങള്‍ കേരളത്തിനകത്ത് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പാര്‍ട്ടി പുന:സംഘടന വേണമെന്ന നിലപാടില്‍ തന്നെയാണ് താനിപ്പോഴുമുള്ളതെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെയുള്ള പ്രശ്നങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ല. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജില്ലാതല സമ്മേളനങ്ങള്‍ ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കും. ഇക്കാര്യങ്ങളാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്നും സുധീരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുന്നത്. വി.ഡി സതീശനും വേണുഗോപാലും ഉള്‍പെടുന്ന കമ്മറ്റി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. ജില്ലാതല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. ജില്ലാതല സമ്മേളനങ്ങള്‍ ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കുമെന്നും സുധീരന്‍ ഡല്‍ഹിയില്‍  പറഞ്ഞു.