വിഴിഞ്ഞം പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (14:14 IST)
സംസ്ഥാനത്തിന്റെ താത്പര്യം പൂര്‍ണമായി സംരക്ഷിച്ച് തന്നെ വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്നും, പദ്ധതി സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം പദ്ധതിയെ തുരങ്കംവയ്ക്കാന്‍ ആരെയും അനുവദിക്കില്ല. ചിലര്‍ മനപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ ഒരു തവണയല്ല മൂന്ന് തവണയാണ് ടെന്‍ഡര്‍ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്കായി ഒരു മലേഷ്യന്‍ കമ്പനിയും ടെന്‍ഡര്‍ സമര്‍പ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെഎം മാണിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയ കാര്യം തനിക്ക് അറിയില്ല. വിജിലന്‍സ് അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്താറില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ധനമന്ത്രി കെഎം മാണിയുടെ ഔദ്യോഗിക വസതിയിലെ പരിശോധനയില്‍ വിജിലന്‍സിന് തെളിവ് ലഭിച്ചതായി സൂചന ലഭിച്ചിരുന്നു.

ബിജുവിന്റെ കാര്‍ മാണിയുടെ വീട്ടില്‍ എത്തിയെന്നതിനാണ് തെളിവ് ലഭിച്ചത്. രജിസ്റ്റര്‍ ബുക്ക് പരിശോധനയില്‍ ബിജുവിന്റെ കാറിന്റെ നമ്പര്‍ കണ്ടെത്തിയതായാണ് സൂചന. 2013 മെയ് രണ്ടിന് KL 01 BB 7878 കാറില്‍ മാണിയുടെ വസതിയില്‍ എത്തിയിരുന്നുവെന്നാണ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.