വിഴിഞ്ഞം: മുഖ്യമന്ത്രി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

Webdunia
ബുധന്‍, 8 ജൂലൈ 2015 (14:43 IST)
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോകും.  കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
 
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിന് നല്കുന്നത് സംബന്ധിച്ച് ആയിരിക്കും മുഖ്യമന്ത്രി സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്യുക. ശനിയാഴ്ചയായിരിക്കും മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുക. വിഴിഞ്ഞം പദ്ധതിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ത്തുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും സുധീരന്‍ പറഞ്ഞു.
 
വിഴിഞ്ഞം തുറമുഖ കരാര്‍ അദാനി ഗ്രൂപ്പിന് നല്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിര്‍പ്പുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് നല്കുന്നതിന് എതിര്‍പ്പില്ലെന്ന് രാഹുല്‍ പിന്നീട് വ്യക്തമാക്കി.
 
7525 കോടി രൂപ ചെലവിലുള്ള തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാന്‍ ജൂണ്‍ പത്തിനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്.