വിഴിഞ്ഞം പദ്ധതിയോടു വിയോജിപ്പില്ല, ചടങ്ങില്‍ സഹകരിക്കില്ല- വിഎസ്

തിങ്കള്‍, 17 ഓഗസ്റ്റ് 2015 (13:28 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയോട് വിയോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ സഹകരിക്കില്ല. പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമായി അദാനിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൌതം അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ പണം തട്ടിയെടുക്കാനുള്ള നീക്കമാണ് വിഴിഞ്ഞം പദ്ധതിയുടെ പേരിൽ അദാനി ഗ്രൂപ്പ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു‍. ഇതിന് യുഡിഎഫ് സർക്കാർ കൂട്ടു നിൽക്കുകയാണ്. വിഴിഞ്ഞം കരാറിൽ ഒന്നാം സ്ഥാനം റിയൽ എസ്റ്റേറ്റ് ബിസിനസിനാണെന്നും വിഎസ് ആരോപിച്ചു. അദാനി തന്നെ കണ്ടാലും ഇല്ലെങ്കിലും ഈ നിലപാടിൽ മാറ്റമില്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ രഹസ്യമാകരുത്. മൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തുന്ന ചർച്ചയിൽ രഹസ്യ ധാരണകൾ പാടില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഭാധ്യക്ഷനും തമ്മിൽ നടത്തിയ ചർച്ചയിലെ ധാരണകൾ സമൂഹത്തോട് തുറന്നു പറയണമെന്നും വിഎസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതി പറഞ്ഞ സമയത്തിനു മുൻപേ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. നവംബർ ഒന്നിന് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഇന്ന് ഒപ്പു വെയ്ക്കും. കരാര്‍ ഒപ്പിടുന്നതിനായി അദാനി നേരിട്ടെത്തിയിരിക്കുകയാ‍ണ്. വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പു വെയ്ക്കുക. വൈകിട്ട് അഞ്ചിനു സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ തുറമുഖ സെക്രട്ടറി ജയിംസ് വർഗീസും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ: സന്തോഷ് കുമാർ മഹാപത്രയുമാണു കരാർ ഒപ്പിടുക. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തുറമുഖ മന്ത്രി കെ. ബാബു, ധനമന്ത്രി കെഎം മാണി എന്നിവർ പങ്കെടുക്കും.

വെബ്ദുനിയ വായിക്കുക