ബാലഭാസ്കറിന്‍റെ നില അതീവഗുരുതരം, തലയിലും നട്ടെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍; ഭാര്യ ലക്ഷ്മിക്കും ശസ്ത്രക്രിയ; മകള്‍ തേജസ്വി മരിച്ചത് മൂക്കിനേറ്റ പരുക്ക് കാരണം

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (11:32 IST)
കാറപകടത്തില്‍ പരുക്കേറ്റ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ നില അതീവ ഗുരുതരം. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്ക്. തലയിലും നട്ടെല്ലിലും മള്‍ട്ടിപ്പിള്‍ ഫ്രാക്‍ചര്‍ ഉള്ളതായി സ്കാനിംഗില്‍ കണ്ടെത്തി. ബാലഭാസ്കറിന് അടിയന്തിര ശസ്ത്രക്രിയകള്‍ നടത്തുന്നു.
 
ഭാര്യ ലക്‍ഷ്മിയും അപകടനില തരണം ചെയ്തിട്ടില്ല. ലക്ഷ്മിക്കും ശസ്ത്രക്രിയ ആവശ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ അപകടനില തരണം ചെയ്തതായാണ് വിവരം.
 
ബാലഭാസ്കറിന്‍റെ ശസ്ത്രക്രിയയുടെ ഫലം നിര്‍ണായകമായിരിക്കും. അദ്ദേഹത്തിനും കുടുംബത്തിനുമായി പ്രാര്‍ത്ഥനകളൊടെ മലയാള സംഗീതലോകവും മലയാളികളും.
 
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ ബാലഭാസ്കറിന്‍റെ മകള്‍ തേജസ്വി ബാല (2) അപകടത്തില്‍ മരിച്ചിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവേ തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നോവ കാറിന്‍റെ മുന്‍‌ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 
 
ബാലഭാസ്കറിനൊപ്പം മുന്നിലെ സീറ്റിലാണ് മകള്‍ തേജസ്വിയും ഇരുന്നത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചപ്പോള്‍ ആ ഭാഗത്താണ് ബാലഭാസ്കറും മകളും ഉണ്ടായിരുന്നത്. ഡാഷ്‌ബോഡില്‍ മുഖമിടിച്ചാണ് തേജസ്വി മരിച്ചത്. മൂക്കിനുണ്ടായ പരുക്കാണ് തേജസ്വിയുടെ മരണകാരണം. 
 
15 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ ബാലഭാസ്കറിനും ലക്‍ഷ്മിക്കും പിറന്ന കണ്‍‌മണിയായിരുന്നു അകാലത്തില്‍ പൊലിഞ്ഞ തേജസ്വി ബാല. മകളുടെ ജനനവുമായി ബന്ധപ്പെട്ട നേര്‍ച്ചകള്‍ക്കായുള്ള ക്ഷേത്രദര്‍ശനങ്ങള്‍ ഇവര്‍ക്ക് പതിവായിരുന്നു. അത്തരമൊരു വഴിപാടിനായാണ് വടക്കുംനാഥ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയത്. മകള്‍ മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബാലഭാസ്കറും ലക്ഷ്മിയും അറിഞ്ഞിട്ടില്ല.
 
അപകടമുണ്ടായ ഉടന്‍ എല്ലാവരെയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. കുഞ്ഞിനെ ഉടന്‍ തന്നെ അനന്തപുരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article