വിജിലന്‍സിന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിന്‍സന്‍ എം പോള്‍

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (12:32 IST)
വിജിലന്‍സിന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ താന്‍ വിജിലന്‍സ് ഡയറക്‌ടര്‍  സ്ഥാനം ഒഴിയുകയാണെന്നും വിന്‍സന്‍ എം പോള്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഈ കേസില്‍ വസ്തുനിഷ്‌ഠമായും സത്യസന്ധമായുമാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
 
കേസിന്റെ സുതാര്യതയെ ബാധിക്കുമെന്നതിനാല്‍ വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനം ഒഴിയുകയാണ്.  തെറ്റു ചെയ്യാത്തതു കൊണ്ട് കുറ്റബോധമില്ല. വിജിലന്‍സിന്റെ സല്‍പ്പേര് നിലനിര്‍ത്താന്‍ വേണ്ടിയാണ് നടപടി. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
 
വിജിലന്‍സിന്റെ സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും മങ്ങലേല്‍ക്കരുതെന്ന് ആഗ്രഹമുള്ളതിനാലാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിജിലന്‍സിന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ആഗ്രഹിക്കുന്നില്ല. ബാര്‍ കേസിന്റെ അന്വേഷണത്തില്‍ ഒരു ഭാഗത്ത് നിന്നുള്ള ഇടപെടലുകളോ സമ്മര്‍ദ്ദങ്ങളോ ഉണ്ടായിട്ടില്ല. സത്യത്തിനും നീതിക്കും ഒപ്പം നില്‍ക്കുന്നതിനൊപ്പം ജനങ്ങളുടെ വിശ്വാസവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
 
വിന്‍സന്‍ എം പോള്‍ അവധിക്ക് അപേക്ഷ നല്കി.