ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പരാതിയില്‍ വിജിലൻസിന്റെ സ്പെഷൽ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന കാര്യമായിരിക്കും വിജിലന്‍സ് പരിശോധിക്കുക.
ശൈലജയുടെ ഭർത്താവിനെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് അവര്‍ ധനസഹായം കൈപ്പറ്റിയതെന്നാണ് പരാതി. കെ.ഇ. ബൈജുവിനാണ് അന്വേഷണ ചുമതല. പരാതിയിൽ 42 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
മന്ത്രി ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയെന്നും ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്കരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് അരലക്ഷത്തിലേറെ രൂപയുടെ ചികിൽസാച്ചെലവും സർക്കാരിൽനിന്ന് ഈടാക്കിയെന്ന ആരോപണമാണ് ഉയർന്നത്.
എന്നാല്‍ അനര്‍ഹമായുള്ളാ ആനുകൂല്യങ്ങളൊന്നും താന്‍ പറ്റിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്കു ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം. ചട്ടങ്ങള്‍ പാലിച്ചു തന്നെയാണ് മന്ത്രിയെന്ന നിലയിലുള്ള ചികിത്സാ ആനുകൂല്യം കൈപറ്റിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.