ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരമെഴുതി കുരുന്നുകൾ അക്ഷരലോകത്തേക്ക്

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (09:52 IST)
ഇന്ന് വിജയദശമി. കളിയും ചിരിയും മാത്രം പരിചിതമായിരുന്ന ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് കയറുന്ന ദിനം. നവരാത്രിയുടെ അവസാന നാളിൽ ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ തന്നെ നിരവധിയാളുകളാണ് എത്തിച്ചേരുന്നത്.
 
കൊല്ലൂരിലും തുഞ്ചന്‍പറമ്പിലും വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു  നല്‍കുന്നത്. ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബികയായ കോട്ടയം പനച്ചിക്കാട് ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ആയിരക്കണക്കിന് രക്ഷാകര്‍ത്താക്കളാണ് കുട്ടികളുമായി എഴുത്തിനിരുത്തല്‍ ചടങ്ങിന് എത്തിയത്. കൂടാതെ വിവിധ മാധ്യമസ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
 
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിന് തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. ഉച്ചക്ക്​ ഒന്നരവരെയാണ് ഇവിടെ ചടങ്ങ് നടക്കുക. നവരാത്രി മഹോത്സവത്തിന് ഇത്തവണ മൂകാംബിക സന്നിധിയില്‍ ഭക്തജന തിരക്കേറി. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. ചടങ്ങിന് തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
Next Article