ജുഡീഷ്യറിയെ വിമർശിച്ച് കോൺഗ്രസ് മുഖപ്രസംഗം വീക്ഷണം. സീസർ മാത്രമല്ല സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതമാകണമെന്നത് കോടതികൾക്കും ബാധകമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ എക്‌സിക്യുട്ടീവും ലെജിസ്ലേറ്റീവും വിമര്‍ശനവിധേയമാണെങ്കില്‍ ജുഡീഷ്യറിയെ മാത്രം എന്തിന് വിമര്‍ശനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തണം. കേസുമായി ബന്ധമില്ലാതെ ന്യായാധിപന്മാർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളേയും നിരീക്ഷണങ്ങളേയും വിമർശിക്കുന്നത് എങ്ങനെ കോടതിയലക്ഷ്യമാകുമെന്ന് വീക്ഷണം ചോദിക്കുന്നു.
സമൂഹത്തെ ബാധിച്ച മൂല്യച്യുതിയിൽ നിന്ന് നിയമലോകം മുക്തമല്ല. നീതിപീഠങ്ങൾ കർത്തവ്യങ്ങളിൽ നിന്ന് വിമുഖരാവുകയോ നിർഭയത്വം വെടിയുകയോ ചെയ്യുമ്പോഴാണ് ജനങ്ങൾ അസ്വസ്ഥരാകുന്നതും വിമർശനമുയരുന്നും. ജനങ്ങളും നീതിപീഠവും തമ്മിലുള്ള ബന്ധം ഇവിടെ പരിശോധിക്കേണ്ടതാണ്. പരസ്പര പൂരകമായ രക്ഷാ ആശ്രയ ബന്ധങ്ങളാണ് ജുഡീഷ്യറിയും ജനങ്ങളും തമ്മിലുള്ളത്. ജനങ്ങളെ രക്ഷിക്കാന്‍ ജുഡീഷ്യറി കടപ്പെട്ടതു പോലെ ജുഡീഷ്യറിയെ സംരക്ഷിക്കാന്‍ ജനങ്ങളും ബാധ്യസ്ഥരാണെന്നും വീക്ഷണം പറയുന്നുണ്ട്.
ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്നും പരമാധികാരം ജനങ്ങൾക്കെന്നും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ ഉദ്ധരിച്ച് പറയുന്നു. ജഡ്ജിമാര്‍ അടക്കമുള്ളവര്‍ അന്തസായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെങ്കില്‍ യജമാനന്‍മാരായ ജനങ്ങള്‍ക്കു ജഡ്ജിമാരെ വിമര്‍ശിക്കാവുന്നതാണെന്ന കട്ജുവിന്റെ അഭിപ്രായവും തങ്ങളുടെ വാദത്തിന് ശക്തി നല്‍കാന്‍ വീക്ഷണം ഉപയോഗിച്ചിട്ടുണ്ട്.