നുണപ്രചാ‍രണം നടത്തിയ കുമ്മനവും ശശികല ടിച്ചറും ശബരിമലയിലും ഗുരുവായൂരും ചെന്ന് ഏത്തമിടണമെന്ന് സതീശന്‍

Webdunia
വെള്ളി, 15 ജനുവരി 2016 (16:18 IST)
സര്‍ക്കാര്‍ ക്ഷേത്ര സ്വത്തുക്കള്‍ കൊണ്ടു പോകുന്നുവെന്ന് നുണപ്രചാരണം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ശശികല ടീച്ചറും ഏത്തമിടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. നുണപ്രചാരണം നടത്തിയ ഇരുവരും ഗുരുവായൂരും ശബരിമലയിലും പോയി ഏത്തമിടണമെന്നാണ് സതീശന്റെ ആവശ്യം. വര്‍ഗീയതയ്ക്കെതിരെ കോണ്‍ഗ്രസ് തൃപ്പുണ്ണിത്തുറയില്‍ സംഘടിപ്പിച്ച രാഷ്‌ട്രീയവിശദീകരണ യോഗത്തിലായിരുന്നു സതീശന്റെ പ്രതികരണം.
 
ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് കുമ്മനം പറയുന്നുണ്ട്. എന്നാല്‍, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.
 
സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം നിയമം കൊണ്ടുവന്നത് തിരുവിതാംകൂര്‍ കൊച്ചി രാജകുടുംബങ്ങളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. ഇക്കാരണത്താല്‍ തന്നെ ബോര്‍ഡ് പിരിച്ചു വിടണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണമെന്നും സതീശന്‍ പറഞ്ഞു. ബി ജെ പി ഭരണത്തില്‍ വന്നപ്പോഴും കര്‍ണാടകയിലും ഗുജറാത്തിലും ക്ഷേത്രഭരണം സര്‍ക്കാരിന്റെ കീഴില്‍ തന്നെയായിരുന്നെന്നും സതീശന്‍ വ്യക്തമാക്കി.