കോൺഗ്രസിൽ തലമുറമാറ്റം? യുവ എംഎൽഎമാരുടെയും കോൺഗ്രസ് എംപിമാരുടെയും പിന്തുണ വിഡി സതീശന്, പുതിയ പ്രതിപക്ഷ നേതാവ്?

Webdunia
വ്യാഴം, 20 മെയ് 2021 (14:10 IST)
കോൺഗ്രസിൽ തലമുറമാറ്റത്തിന് കളമൊരുങ്ങുന്നു. വിഡി സതീശൻ പ്രതിപക്ഷ നേതാവായേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതാണ് റിപ്പോർട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.
 
ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതാണ് വിഡി സതീശന് അനുകൂല ഘടകം. അതേസമയം നിരീക്ഷകർ കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം ചോദിച്ചതിൽ രണ്ട് ഗ്രൂപ്പുകളും ചെന്നിത്തല തുടരട്ടേയെന്ന നിലപാടാണ് എടുത്തത്. എന്നാൽ കോൺഗ്രസിലെ ഭൂരിഭാഗം എംപിമാരും യുവ എംഎല്‍എമാരും കെ സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു.രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരാണ്.
 
രാഹുൽ ഗാന്ധിയുടെ താൽപര്യം വിഡി സതീശനെ പരിഗണിക്കണം എന്നതാണ്.സിപിഎം പുതുനിരയുമായി കൂടുതല്‍ കരുത്തോടെ തുടര്‍ഭരണത്തിലേക്ക് കടക്കുമ്പോള്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കോൺഗ്രസിനിടയിൽ ശക്തമാണ്.കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസന് പകരം പിടി തോമസ് എത്തിയേക്കും. അങ്ങനെയെങ്കിൽ മൊത്തത്തിൽ ഒരു തലമുറമാറ്റം തന്നെയാകും കോൺഗ്രസിൽ സംഭവിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article