' അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ചത് എന്നോടു നേരിട്ടല്ല, പ്രസ് സെക്രട്ടറി രാജീവിനോടാണ്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രമുഖര്‍ പൊതുവെ പ്രതിഫലം വാങ്ങാതെയാണ് വരാറുള്ളത്. പതിനായിരക്കണക്കിനു കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. കലോത്സവം തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ വിവാദങ്ങള്‍ക്കില്ല. അതുകൊണ്ട് വെഞ്ഞാറമൂട് സാംസ്‌കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണ്. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. നേരത്തെയും സെലിബ്രിറ്റികളെ കൊണ്ടുവന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അവരെല്ലാം വന്നത്,' മന്ത്രി പറഞ്ഞു.
ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോടു കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നു ചോദിച്ചപ്പോള്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോടു അഹങ്കാരമാണു കാണിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു. ഈ സംഭവം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചു. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു.