നേതൃത്വത്തിനുള്ളിൽ തന്നെ അടിപിടി കൂടുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കെ മുരളീധരൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ നേതൃത്വത്തിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, എൽ ഡി എഫിനുള്ളിലും പരസ്പരം കുറ്റങ്ങളും വിമർശനങ്ങളും പറഞ്ഞ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നു.
അഞ്ചേരി ബേബി വധക്കേസിൽ വി എസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ. ധാര്‍മികത പറയാൻ അവകാശമില്ലാത്തവരാണ് രാജി ആവശ്യപ്പെടുന്നത്. വി എസിനെതിരെയും കേസുണ്ടായിരുന്നു. മണിക്കെതിരായ കേസിൽ സത്യമുണ്ടോയെന്നു കോടതി കണ്ടെത്തട്ടേ. കെട്ടിച്ചമച്ച കേസിന്റെ പേരിൽ രാജിവയ്ക്കേണ്ട ആവശ്യമില്ല എന്നും വൈക്കം വിശ്വൻ പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുത മന്ത്രി എം എം മണിയുടെ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ എം എം മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽക്കേസിൽ പ്രതിയായവർ മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിനു കത്തയച്ചിരുന്നു.