ഉതുപ്പ് കൊടും‌കുറ്റവാളിയെന്ന് സിബി‌ഐ, പിടികൂടാന്‍ ഇന്റര്‍പോളിനെ സമീപിക്കും

Webdunia
ബുധന്‍, 6 മെയ് 2015 (13:51 IST)
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പ്രതിയും അല്‍ സറഫ സ്ഥാപനമുടമയുമായ ഉതുപ്പ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് കേസന്വേഷിക്കുന്ന് സിബി‌ഐ സംഘം. ഇയാള്‍ക്ക് അധോലോക ബന്ധമുണ്ടെന്നും ഉതുപ്പിനെ കൊടുകുറ്റവാളിയായി പ്രഖ്യാപിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാന്‍ നിര്‍ദേശിക്കണമെന്നും സിബിഐ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു.

കേസിലെ പരാതിക്കാരായ നഴ്സുമാരെ ഇയാള്‍ ഭീഷണിപ്പെടുത്തി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് ഉതുപ്പിന്റെ നീക്കമെന്നും സിബി‌ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈറ്റിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് 19,500 രൂപ മാത്രം ഈടാക്കാന്‍ അധികാരമുണ്ടായിരിക്കേ രേഖകളില്‍ തിരുത്തല്‍ വരുത്തി അല്‍ സറഫ സ്ഥാപനം 19,50,000 രൂപയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയത്. ഉതുവഴി തട്ടിയെടുത്ത പണത്തില്‍ 100 കോടി രൂപയോളം ഉതുപ്പ് വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും സി.ബി.ഐ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.