''താൻ പറഞ്ഞത് രാഷ്ട്രീയം, ഉണ്ണിത്താൻ അതിനെ നേരിട്ടത് തറ വർത്താനം കൊണ്ട്'': കെ മുരളീധരൻ

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (08:23 IST)
കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളെ പരമപുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് കെ മുരളീധരൻ. കെ കരുണാകരന്റെ മക്കള്‍ സദാചാരം വിട്ടു പ്രവര്‍ത്തിച്ചിട്ടില്ല. കെ കരുണാകരന്റെ ശ്രാദ്ധത്തില്‍നിന്ന് താന്‍ വിട്ടുനിന്നിട്ടില്ല. താന്‍ പറഞ്ഞതു രാഷ്ട്രീയമാണ്. അതിനെ തറ വര്‍ത്തമാനം കൊണ്ടല്ല നേരിടേണ്ടത്. തന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്വം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
 
കെ മുരളീധരനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കെ പി സി സിയെ ആക്രമിക്കാന്‍ ചിലര്‍ മുരളീധരനെ ശിഖണ്ഡിയായി ഉപയോഗിക്കുകയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുരളീധരനെതിരെ പറഞ്ഞതൊന്നും പിന്‍‌വലിക്കില്ലെന്നും അതൊക്കെ പിന്‍‌വലിക്കാതിരിക്കുന്നതിന്‍റെ പേരില്‍ പാര്‍ട്ടിക്ക് പുറത്തുപോകേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
 
കെ മുരളീധരന്‍റെ അഭിപ്രായം ചര്‍ച്ച ചെയ്യണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത് പാര്‍ട്ടിയുടെ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് എ ഗ്രൂപ്പിലെ ശക്തന്‍ കെ സി ജോസഫ് കത്ത് നല്‍കിയിരുന്നു. അതുകൂടി കണക്കിലെടുത്ത് എ ഗ്രൂപ്പിനെതിരെ പരോക്ഷമായി കടുത്ത പരാമര്‍ശങ്ങള്‍ നടത്താനും ഉണ്ണിത്താന്‍ തയ്യാറായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം ഉണ്ണിത്താൻ പാർട്ടി വാക്താവ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
Next Article