ചില്ലറയഴിച്ചു പണിയില്‍ പുനസംഘടനയൊതുങ്ങും!

Webdunia
ശനി, 26 ജൂലൈ 2014 (13:39 IST)
സംസ്ഥാനത്ത് അലയടിക്കുന്ന മന്ത്രിസഭ പുനസംഘടനയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവില്ലെന്ന് സൂചന. പുനസംഘടന നീക്കത്തെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നതും. മുഴുവന്‍ ഉത്തരവാദിത്വവും മുഖ്യമന്ത്രിയിലേക്ക് മാത്രമായി ചുരുങ്ങുന്നതുമാണ് പുനസംഘടന നിര്‍ജീവമാകാന്‍ കാരണമാകുന്നത്.

സംസ്ഥാനത്തെ പുനസംഘടനയെ കുറിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമായി ഒന്നും പറയാത്തതും കാരണമാകും. ഈ വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് ആണെങ്കിലും സുധീരന്റെ ഇടപെടലുകളായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് അനുമതിയുണ്ടെങ്കിലും സംസ്ഥാനത്ത് എല്ലാവരില്‍ നിന്നും സമവായം ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ പുനസംഘടന നീക്കത്തെ സംസ്ഥാനകോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുമുണ്ട്.

ഗണേഷ് കുമാറിന് നേരത്തെ നല്‍കിയ ഉറപ്പ് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിയെ നഷ്ടപ്പെടുത്തി പ്രതിഛായ ഇല്ലാത്ത വ്യക്തിയെ കൊണ്ടുവരണമോ എന്നാണ് മറു പക്ഷം ചോദിക്കുന്നത്.

ഈ എതിര്‍പ്പുകള്‍ തുടര്‍ന്നാല്‍ ഹൈക്കമാന്‍ഡ് നല്‍കിയ പുനഃസംഘടന അനുമതി തിരിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എ, ഐ ഗ്രൂപ്പുകള്‍ പുനഃസംഘടനാ ചര്‍ച്ചകളില്‍ ഭിന്ന നിലപാടെടുക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അഭിപ്രായമായിരിക്കും ഇനി അറിയേണ്ടത്.