പിണറായിയുടേത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം: സുധീരൻ

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2015 (11:31 IST)
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് സംവിധാനം സംസ്ഥാനത്ത് ശിഥിലമാകുമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്‌താവന മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് കെപിസിസിസി പ്രസിഡന്റ് വിഎം സുധീരൻ. സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്. ബാർകോഴ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കില്ല. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ച് സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നും സുധീരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് സംവിധാനം സംസ്ഥാനത്ത് ശിഥിലമാകുമെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ആന്തൂർ പഞ്ചായത്തിൽ നേരത്തെയും ഇത്തരത്തിൽ സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എത്രയോ സ്ഥലങ്ങളിൽ സമാനസാഹചര്യം മുമ്പുമുണ്ടായിട്ടുണ്ട്. എസ്എൻഡിപി- ആർഎസ്എസ് ബാന്ധവം കരാറാണ്. വെള്ളാപ്പള്ളി നടേശന് സ്ഥാനലബ്ധിയും സാമ്പത്തിക ലാഭവും ഉണ്ടാകുന്ന ഇടപാടാണ് അതെന്നും പിണറായി രാവിലെ പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ ആദ്യം കേസെടുക്കേണ്ടത് കണ്ണൂർ എസ്‌പിയുടെ പേരിലാണ്. ആന്തൂർ പഞ്ചായത്തിൽ യു.ഡി.എഫിന് സ്ഥാനാർഥികളെ നിറുത്താൻ ആളില്ലാത്തതിന് സിപിഎമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പിണറായി വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞിരുന്നു.