തീരുമാനമായി; യുഡിഎഫ് മേഖലാജാഥകള്‍ മാറ്റില്ല

Webdunia
തിങ്കള്‍, 18 മെയ് 2015 (11:15 IST)
യുഡിഎഫ് മേഖലാ ജാഥകള്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ ജാഥകള്‍ മാറ്റണമോയെന്ന് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ ജാഥകള്‍ മാറ്റിവെക്കേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ ധാരണയായി. നിലവിലെ അഭിപ്രായഭിന്നതകള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരസ്യ പ്രസ്താവനകള്‍ വിലക്കിയ കാര്യം കോണ്‍ഗ്രസ് മുന്നണിയെ അറിയിക്കും.

അതിനിടെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായി. മന്ത്രി കെസി ജോസഫ് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തി. എകെ ആന്റണിയും നേതാക്കളുമായി ആശയവിനിമയം നടത്തി. യുഡിഎഫ് മേഖലാ ജാഥകള്‍ നാളെയാണ് ആരംഭിക്കുന്നത്. നാലു മേഖലകളായി തിരിച്ചാണു ജാഥകളെങ്കിലും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ ജാഥ 27നേ ആരംഭിക്കൂ.

ബാര്‍ കോഴക്കേസ് അന്വേഷണം അവസാനിപ്പിച്ച ശേഷം മതി യുഡിഎഫ് മേഖലാ ജാഥകള്‍ എന്ന കേരളാ കോണ്‍ഗ്രസിന്റെ (എം) ആവശ്യം തള്ളുന്നതായിരുന്നു പുതിയ തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ ജാഥ വേണ്ടെന്നാണ് ലീഗിന്റെ ആവശ്യവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്ത് വന്നിരുന്നു.

എല്ലാ മേഖലയിലും അഴിമതിയെന്ന എകെ ആന്റണിയുടെ പ്രസ്താവനയും സര്‍ക്കാര്‍ അഴിമതിയുടെ കരി നിഴലിലെന്ന വിഡി സതീശന്റെ വിമര്‍ശനവും അതിനെ തള്ളി കെസി ജോസഫും കൊടിക്കുന്നില്‍ സുരേഷും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സംഭവം ആളിക്കത്തിയപ്പോള്‍ ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച തന്നെ യുഡിഎഫ് ചേരണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.