വിവാദങ്ങള്‍ക്കിടെ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന്

Webdunia
ബുധന്‍, 23 ഡിസം‌ബര്‍ 2015 (09:02 IST)
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയസ്ഥിതി ചര്‍ച്ചയാകുന്നതിനൊപ്പം ഉഭയകക്ഷി ചര്‍ച്ച നടത്താത്തതിലെ അതൃപ്തി ഘടകകക്ഷികള്‍ യോഗത്തില്‍ അറിയിക്കും. കഴിഞ്ഞ 15 ന് നടത്താനിരുന്ന യോഗമാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് 4 മണിക്ക് ക്ലിഫ് ഹൌസിലാണ് യോഗം.

കെപിസിസി പ്രസിഡന്‍റ് വി എം സുധീരനും വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും നടത്തുന്ന കേരളയാത്രകള്‍ക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഘടകകക്ഷികളുടെ പരാതികള്‍ പരിഗണിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം രണ്ടാം വട്ടം യോഗം ചേരുമ്പോഴും ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടില്ല. മുസ്ലിം ലീഗ് ഉള്‍പ്പെടെ എല്ലാ ഘടകകക്ഷികള്‍ക്കും ഇതില്‍ അതൃപ്തിയുണ്ട്.

ദേശീയ സ്കൂള്‍ കായിക മേളയുടെ നടത്തിപ്പു സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഉണ്ടായേക്കുമെന്ന് സൂചന. ജനുവരി അവസാന വാരമായിരിക്കും മീറ്റ് നടക്കുക. മഹാരാഷ്ട്രയിലെ നാസിക്കിലും പൂനയിലും വെച്ച് മേള നടത്താനായിരുന്നു ആദ്യ തീരുമാനം. അതാവട്ടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മേളയും. എന്നാല്‍ തീരുമാനം വിവാദമായതോട അസൌകര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര പിന്‍വാങ്ങുകയായിരുന്നു. ഇതോടെയാണ് കേരളത്തിന്റെ സാധ്യതകള്‍ വീണ്ടും സജീവമായത്.