യുഡിഎഫ് സർക്കാരിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി പുതിയ കോഴ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനെതിരെയാണ് ബിജു കോഴയാരോപണം ഉന്നയിച്ചത്.
രമേശ് ചെന്നിത്തലയ്‌ക്ക് നേരിട്ട് രണ്ടു കോടി രൂപ നല്‍കി. കെപിസിസിക്ക് പണം നല്‍കിയത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയായിരുന്നു. ശിവകുമാറിന് 25 ലക്ഷം രൂപയാണ് നല്‍കിയത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് പണം നല്‍കിയത്.അദ്ദേഹത്തിന്റെ സ്‌റ്റാഫ് അംഗം വാസുവാണ് പണം കൈപ്പറ്റിയത്. രസീതോ രേഖകളോ നല്‍കാതെയാണ് ഈ പണം കൈപ്പറ്റിയതെന്നും ബിജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് ബിജു രമേശ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
അതേസമയം, കോഴയാരോപണം നിഷേധിച്ച് വി.എസ്. ശിവകുമാര്‍ രംഗത്തെത്തി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന തനിക്കു ഇതുമായി യാതൊരു ബന്ധവുമില്ല. 2013നു ശേഷമാണ് ബാര്‍കോഴ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്നതു 2012ലാണ്. നിയമസഭയില്‍ ഇക്കാര്യത്തില്‍ നേരത്തെ വിശദീകരണം നല്‍കിയിട്ടുള്ളതാണെന്നും ശിവകുമാര്‍ പറഞ്ഞു.