തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് ഒമ്പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം ആലുക്കാട് സ്വദേശി സാദിഖ് (28), അമ്പലത്തറ കുമരി ചന്ത സ്വദേശി യാസിൻ (27) എന്നിവരാണ് വിഴിഞ്ഞത്തു വച്ച് പോലീസ് പിടിയിലായത്.
വെങ്ങാനൂരിലെ സൂര്യ ഫിനാൻസ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രണ്ടു പേരെയും സ്ഥാപനത്തിലെ ജീവനക്കാർ തടഞ്ഞുവച്ചു പോലീസിനെ വിവരം അറിയിച്ചത്. ഇതിനു നാട്ടുകാരും സഹായിച്ചു.വിഴിഞ്ഞം പോലീസ് എസ്.ഐ മാരായ സമ്പത്ത്, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സൂര്യ ഫിനാൻസിന്റെ തന്നെ ആഴാകുളം, നേമം പൊഴിക്കുന്ന്, കരുമം, ബാലരാമപുരം, പെരിങ്ങമ്മല എന്നീ ശാഖകളിൽ ഇവർ മുമ്പ് സ്വർണ്ണം പൂശിയ വളകൾ പണയം വച്ചിരുന്നു. രണ്ടു പവന്റെ വളകൾ വീതം വച്ച് ഏഴുലക്ഷത്തോളം രൂപയാണ് ഇവർ ഇത്തരത്തിൽ കൈക്കലാക്കിയത്. കഴിഞ്ഞ ആറാം തീയതി മുതലാണ് ഇരുവരും ചേർത്ത് സമാന തട്ടിപ്പു തുടങ്ങിയത്. പല ശാഖകളിലായി ഒരേ പേരിൽ ഒരു വള വീതം പണയം വച്ച് ഒരേ തുക തന്നെ ഒരേ വിലാസത്തിൽ ഉള്ളവർ വാങ്ങിയത് കണ്ടെത്തിയതോടെ സംശയിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കൊണ്ടുവന്നത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്.