വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം: തിരുവനന്തപുരം ജില്ലയില്‍ രണ്ടാഴ്ച മെഗാ ഓഫറുകള്‍ പാടില്ല

ശ്രീനു എസ്

വെള്ളി, 16 ഏപ്രില്‍ 2021 (08:19 IST)
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. സൂപ്പര്‍ മാര്‍ക്കറ്റുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. വരുന്ന രണ്ടാഴ്ചത്തേക്ക് മെഗാ സെയിലുകളും ഓഫറുകളും അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ വ്യാപാര മേഖലയിലെ വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനങ്ങള്‍.
 
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളോടു ജില്ലയിലെ വ്യാപാരി സമൂഹം പൂര്‍ണമായി സഹകരിക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പതിന് അടയ്ക്കണം. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകള്‍ രാത്രി 11 വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ 50% സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ അനുവദിക്കാവൂ. ബാക്കിയുള്ളവ ക്രോസ് ചെയ്യണം. ഓണ്‍ലൈന്‍ ബുക്കിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ട്രയല്‍സ് പാടില്ല. 
 
വ്യാപാര സ്ഥാപനങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടേയും ശരീരോഷ്മാവ് നിര്‍ബന്ധമായും പരിശോധിക്കണം. വരുന്ന ആളുകളുടെ പേരും ഫോണ്‍ നമ്പറും എഴുതി സൂക്ഷിക്കാനുള്ള രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കണം. സ്ഥാപനത്തിന്റെ സ്ഥലവിസ്തൃതിയനുസരിച്ച് ശാരീരിക അകലം പാലിക്കത്തക്ക രീതിയില്‍ മാത്രമേ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കാവൂ. ബാക്കിയുള്ളവരെ സാമൂഹിക അകലം പാലിച്ച് ക്യൂവില്‍ നിര്‍ത്തണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍