തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളീൽ കൊവിഡ് തീവ്ര ബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇന്നുമുതൽ ട്രിപ്പീൾ ലോക്‌ഡൗൺ നിലവിൽ വരും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കൊല്ലം മലപ്പുറം ജില്ലകളിൽ രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്ത തീര മേഖലകളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇവിടങ്ങളിൽ രാത്രിയാത്ര നിരോധനം രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ച് വരെയായിരിയ്ക്കും.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തുറന്ന് പ്രവർത്തിയ്ക്കാം. പൊലീസും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ദ്രുതകർമ്മ സേനയുടെ നിയന്ത്രണത്തിൻ കീഴിലായിരിയ്ക്കും പ്രദേശങ്ങൾ. ക്രമസമാധാനം അവശ്യ വസ്തുക്കളുടെ വിതരണം, തുടങ്ങിയവ എല്ലാം ദ്രുതകർമ്മ സേനായ്ക്ക് കീഴിലായിരിയ്ക്കും. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിയ്ക്കുന്ന ഇടങ്ങളിലെ കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും.
അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിൾ ലോക്‌ഡൗണിൽ ഇന്നുമുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 12 വരെയും ഉച്ച തിരിഞ്ഞ് 4 മുതൽ ആറുവരെയും തുറന്നു പ്രവർത്തിയ്ക്കാം. ഓട്ടോ ടാക്സി ഉൾപ്പടെയുള്ളവയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സർവീസ് നടത്താം. 7 മണി മുതൽ അഞ്ച് മണി വരെയുള്ള രാത്രി യാത്ര നിരോധനം തുടരും.