കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്ത് മത്സ്യലഭ്യത കുറയുകയും മത്തിയുള്‍പ്പെടെയുള്ള മീനുകള്‍ക്ക് കുത്തനെ വില വര്‍ദ്ധിക്കുകയും ചെയ്‌തതിന് പിന്നാലെ ട്രോളിംഗ് നിരോധനവും വരുന്നു. സംസ്ഥാനത്ത് ജൂണ്‍ 15മുതല്‍ ജൂലൈ 31 വരെ 47 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 61 ദിവസത്തെ ട്രോളിംഗ് നിരോധനം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മഴക്കാലത്ത് മത്സ്യബന്ധന മേഖലയില്‍ 15 ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനമായി. അതേസമയം, സംസ്ഥാനത്ത് മത്സ്യത്തിന്റെ വില കുതിച്ചുയരുകയാണ്.
സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് മുമ്പ് അതിശക്തമായ ചൂട് അനുഭവപ്പെട്ടതിനാല്‍ ചുട്ടുപൊള്ളുന്ന തീരത്ത് നിന്നു മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് കൂട്ടമായി പോകുകയായിരുന്നു. കാലാവസ്ഥമാറി സംസ്ഥാനത്ത് മഴയെത്തിയപ്പോള്‍ കടല്‍ ക്ഷോഭം മത്സ്യബന്ധനത്തിന് തിരിച്ചടിയായി തീര്‍ന്നു. യന്ത്രവത്‌കൃത ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോകുന്നുണ്ടെങ്കിലും കാലാവസ്ഥ അടിക്കടി മാറിയത് തിരിച്ചടിയായി.
ഇതോടെ മത്സ്യത്തിന് വില വര്‍ദ്ധനവും ദൌര്‍ലഭ്യവും കൂടുതലായി. കാലാവസ്ഥ വില്ലനായതിനാല്‍ ആഴക്കടലിലേക്ക് പോയ മീനിനെ പിടിക്കാന്‍ വലിയ കപ്പലുകളും ബോട്ടുകളുമാണ് കടലില്‍ പോകുന്നത്. ദിവസങ്ങളോളം കടലില്‍ ചെലവഴിച്ച് കൂടുതല്‍ മത്സ്യത്തെ പിടിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനൊപ്പം തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഒമാന്‍ ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് മത്സ്യങ്ങള്‍ ഇറക്കുമതി തുടരുകയാണ്.
2014ല്‍ രാജ്യത്ത് 3.59 ദശലക്ഷം ടണ്‍ മത്സ്യം ലഭിച്ചപ്പോള്‍ 2015ല്‍ അത് 3.40 ദശലക്ഷം ടണ്‍ ആയി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ 2014ലെ മൊത്ത മത്സ്യലഭ്യത 5.76 ലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍, 2015ല്‍ അത് 16 ശതമാനം കുറഞ്ഞ് 4.82 ലക്ഷം ടണ്‍ ആയി.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലെ മത്സ്യലഭ്യത കുറഞ്ഞുവരുകയാണെന്നാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്‌ആര്‍ഐ) പുറത്തുവിട്ട സ്‌ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നത്. മത്സ്യലഭ്യതയില്‍ രാജ്യത്ത് ഗുജറാത്തിനും തമിഴ്‌നാടിനും പിന്നില്‍ മൂന്നാംസ്‌ഥാനത്താണ് കേരളം. കാലാവസ്‌ഥാ വ്യതിയാനത്തിന് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധനവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി. കേരളത്തിന്റെ പ്രീയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യതയിലാണ് ഏറ്റവും ഇടിവ് വന്നിരിക്കുന്നത്. അതേസമയം, അയലയുടെ ലഭ്യതയില്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.