കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ടിപി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായി ടിപിയുടെ ഭാര്യ കെ രമ. ഈ സാഹചര്യത്തില്‍ കൂടുതല്‍ സമരപരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും രമ വ്യക്തമാക്കി.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ അവരുമായി യുഡിഎഫ് നേതാക്കള്‍ ധാരണ ഉണ്ടാക്കിയിരിക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കു പങ്കുണ്ടെന്ന് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. പിന്നീടാണ് കേസില്‍ അട്ടിമറി ശ്രമം നടന്നതെന്നും രമ പറഞ്ഞു.
കേസില്‍ സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കാനും വിവരങ്ങള്‍ ഒൌദ്യോഗികമായി ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിത്തരണമെന്ന് അന്വേഷണം നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ യാതൊരു താല്‍പ്പര്യവും കാണിച്ചില്ല. ഇത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതിന് തെളിവാണെന്നും രമ പറഞ്ഞു.
സിപിഎം-യുഡിഎഫ് ഗൂഡാലോചനയുടെ ഭാഗമായാണ് കോടതി ശിക്ഷിച്ച കെസി രാമചന്ദ്രന് പരോള്‍ നീട്ടിക്കൊടുത്തത്. പരോള്‍ നീട്ട് നല്‍കരുതെന്ന് പൊലീസ് അറിയിച്ചിട്ടും ആഭ്യന്തര വകുപ്പ് പരോള്‍ നീട്ടി നല്‍കാന്‍ അനുവദിക്കുകയായിരുന്നുവെന്നും രമ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കവെയാണ് ഈ കാര്യങ്ങള്‍ രമ വ്യക്തമാക്കിയത്.