കേരളം ഞെട്ടിയുണര്‍ന്നത് ദാരുണ ദുരന്ത വാര്‍ത്ത കേട്ട്; വിദ്യാര്‍ഥികളുമായി ടൂര്‍ പോയ ബസ് അപകടത്തില്‍ പെട്ടു, ഒന്‍പത് മരണം

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (08:24 IST)
പാലക്കാട് വടക്കഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ദേശീയപാത വാളയാര്‍-വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസിനു പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലേക്കാണ് എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസ് ഇടിച്ചുകയറിയത്. അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനും അടക്കം ഒന്‍പത് പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന വിവരം. 
 
ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാര്‍ പറഞ്ഞു. അപകടസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാല്‍പ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 
 
41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു വിനോദയാത്രാ സംഘം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍