ടോംസ് കോളേജ് അംഗീകാരം നേടിയത് അനധികൃതമായി, കോളേജിന്റെ പ്രവര്‍ത്തനത്തിലും വന്‍ വീഴ്ചയെന്ന് സാങ്കേതിക സര്‍വകലാശാല

ശനി, 14 ജനുവരി 2017 (13:09 IST)
മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയാണെന്ന് സൂചന. കൂടാതെ ടോംസ് എഞ്ചിനീയറിങ് കോളേജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്നും കോളേജിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പരിശോധന നടത്തിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ കണ്ടെത്തി. കോളേജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും രജിസ്ട്രാര്‍ സര്‍ക്കാറിനു നല്‍കുകയെന്നാണ് സൂചന. 
 
കോളേജില്‍ ഒരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും മാനേജ്‌മെന്റിനെതിരായി, സര്‍വകലാശാലയ്ക്ക് വ്യാപക പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക സര്‍വകലാശാല കോളേജിലെത്തി പരിശോധന നടത്തിയത്. സാങ്കേതിക സര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലറായ ഡോ. കുഞ്ചിറിയ 2014 ല്‍ എ ഐ സി ടി ഇസെക്രടറിയായിരിക്കുന്ന സമയത്തായിരുന്നു ഈ കോളേജിന് അംഗീകാരം ലഭിച്ചത്.
 
കോളേജ് തുടങ്ങുന്നതിന് പത്ത് ഏക്കര്‍ ഭൂമി വേണമെന്ന നിയമമുള്ളപ്പോള്‍ വെറും 50 സെന്റിലാണ് ഈ കോളേജ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പ്രിന്‍സിപ്പാലിനു മാത്രമായി ഒരു മുറിയോ കോളേജ് ഹോസ്റ്റലില്‍ വാര്‍ഡനോ ഇല്ല. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് അനുബന്ധമായാണ് കോളേജ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. കൂടാതെ മറ്റ് അധ്യാപകരോടൊപ്പം സ്റ്റാഫ് റൂമിലാണ് വൈസ് പ്രിന്‍സിപ്പാള്‍ ഇരിക്കുന്നതെന്നും സമിതി കണ്ടെത്തി. നാലുപേര്‍ താമസിക്കേണ്ട റൂമില്‍ പതിനഞ്ചോളം പേരാണ് താമസിക്കുന്നതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. 
 
കോളേജ് ചെയര്‍മാന്‍ ടോം ടി ജോസഫിനെതിരെയും വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോടു വളരെ മോശമാ‍യ രീതിയിലാണ് ഇയാള്‍ പെരുമാറുന്നതെന്നും രാത്രി കാലങ്ങളില്‍ പോലും ഇയാള്‍ ലേഡീസ് ഹോസ്റ്റലിലേക്ക് സന്ദര്‍ശനത്തിന് എത്താറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. മാത്രമല്ല, ഹോസ്റ്റലില്‍ ലഭിക്കുന്നത് വളരെ മോശം ഭക്ഷണമാണെന്നും പരാതിപ്പെട്ടാല്‍ ശാരീരികമായും മാനസികമായും പീഡനങ്ങളാണ് തങ്ങള്‍ക്കുനേരെ ഉണ്ടാവുകയെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

വെബ്ദുനിയ വായിക്കുക