ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ആര്‍ടി ഓഫിസുകളില്‍ മധുരം വിളമ്പിയത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. നാളെ ഗതാഗതമന്ത്രിയും ചീഫ് സെക്രട്ടറിയും ഇത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്.
ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവിനും, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടും ഗതാഗതമന്ത്രിയും ടോമിന്‍ തച്ചങ്കരിയുമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്ക് ശേഷമാണ് പുതിയ വിവാദം. ആര്‍ ടി ഓഫീസുകളിലെല്ലാം തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ എരക്കിയിരുന്നു. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
സംസ്ഥാനത്തെ മിക്ക ആർ ടി ഒ ഓഫീസുകളിലും കമ്മീഷണറുടെ ഉത്തരവ് പ്രകാരം പിറന്നാൾ ആഘോഷം നടന്നു. എറണാകുളത്ത് സഹപ്രവർത്തകരോടൊത്ത് കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാൾ ആഘോഷിച്ചത്.
വകുപ്പിലുള്ളവര്‍ തന്റെ സഹോദരി-സഹോരൻമാരാണെന്നും അതിനാലാണ് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്നും തച്ചങ്കരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.