ശബരിമലയിലെ പ്രശ്നം എന്ത്? തീണ്ടാരിയാണോ, അതോ അയ്യപ്പന്മാര്‍ക്ക് കണ്ട്രോളില്ലാത്തതോ?; താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ടി എൻ സീമ

ചൊവ്വ, 30 ഓഗസ്റ്റ് 2016 (15:20 IST)
‘ശബരിമലയിലെന്താണ് ശരിക്കുമുള്ള വിഷയം? തീണ്ടാരിയാണോ, അതോ അയ്യപ്പന്മാര്‍ക്ക് കണ്ട്രോളില്ലാത്തതോ’ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സി പി ഐ എം സംസ്ഥാനക്കമിറ്റി അംഗവുമായ ടി എൻ സീമയുടെ പ്രസംഗം വിവാദത്തിൽ. സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നതും ഈ വിഷയമാണ്. അയ്യപ്പന്മാരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങൾ സ്ത്രീക‌ൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ തടസ്സമാകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ടി എം സീമ. 
 
പ്രസംഗത്തിനിടക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാചകങ്ങള്‍ താന്‍ ഉദ്ധരിക്കുകയായിരുന്നു. അത് തന്റെ വാക്കുകളായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അയ്യപ്പ ഭക്തന്മാരെ കുറിച്ചോ അവരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങളെ കുറിച്ചോ ഒരു ആക്ഷേപവും എനിക്കില്ല, സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അതാണ്‌ തടസ്സമെന്ന വാദവും എനിക്കില്ല. എന്നാല്‍ അങ്ങനെയൊരു വാദം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനുണ്ട്. ആഗസ്റ്റ്‌ ഒന്നാം തിയതി പ്രസിദ്ധീകരിച്ച ആ അഭിമുഖവും അതില്‍ അയ്യപ്പ ഭക്തന്മാരെ കുറിച്ചു പറഞ്ഞ ആക്ഷേപങ്ങളും സംബന്ധിച്ചു ഇത്രയും ദിവസം നിശബ്ദത പാലിച്ചവര്‍ ഇപ്പോള്‍ എന്നെ വിമര്‍ശിക്കാന്‍ കാണിക്കുന്ന അത്യുത്സാഹത്തിന്‍റെ രാഷ്ട്രീയം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമെന്നും സീമ പ്രതികരിച്ചു.
 
സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ സംബന്ധിച്ച് തിരുവനന്തപുരത്ത് വനിതാ സാഹിതി നടത്തിയ സംവാദത്തിലായിരുന്നു ടി എൻ സീമയുടെ വിവാദ പ്രസംഗം. പ്രസംഗത്തെ തുടര്‍ന്ന് സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ടിഎന്‍ സീമയ്‌ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ വിശദീകരണവുമായി സീമ രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക